എന്തെങ്കിലുമെഴുതുവാനൊരു മോട്ടിവേഷൻ വേണം. സ്വന്തമനുഭവങ്ങളിൽനിന്നും പാഠമുൾക്കൊണ്ട് എഴുതുവാൻതക്ക രീതിയിലുള്ള അനുഭവങ്ങളൊന്നുമെനിക്കില്ല. കാല്പനികതയിൽ അഭിരമിച്ചു കഥകളുടെ കെട്ടഴിക്കുവാൻ തക്കതായ ഒരു സവിശേഷഗുണവുമെന്നിലില്ല. അങ്ങനെയെങ്കിൽ ഞാൻ എവിടെ തുടങ്ങണം. മാത്രമല്ല എന്തെങ്കിലുമെക്കെ കോറിവെയ്ക്കുവാൻ സമയവും വേണം. അഞ്ചുദിവസത്തെ ജോലിക്കുശേഷം കിട്ടുന്ന രണ്ടുദിവസം മാത്രം എന്തെഴുതുവാൻ. എഴുതുക എന്നത് ഒരു മുഴുവൻസമയ തൊഴിലാണ്. കൂലിലഭിക്കുവാൻ സാധ്യതയില്ലാത്ത മുഴുവൻസമയ തൊഴിൽ. ഇന്നത്തെ ലോകസാമ്പത്തിക സമവാക്യങ്ങൾക്കു ഒട്ടും തന്നെ യോചിക്കാത്ത തൊഴിൽ. അങ്ങനെയൊരുതൊഴിലിൽ മുഴുവൻ സമയമേർപ്പെട്ടാൽ വന്നുചേരാവുന്ന നഷ്ടങ്ങളെകുറിച്ചുള്ള ആശങ്കയിൽ നിശ്ചലമായിടുന്നു എൻ്റെ രചനകൾ. ധനസമാഹരണമാണ് ഇന്നിൻ്റെ ശരി. അതിലേറ്റവും കൂടുതൽ വിജയം നേടിയെടുക്കുന്നതാണ് ഇന്നിൻ്റെ ലക്ഷ്യം. ആകയാൽ ഇനിയെഴുതുന്നതെന്തിന് ? കൂട്ടിലടയ്ക്കപ്പെട്ട പക്ഷികൾക്ക് ചിറകുകളെന്തിന് ? വിണ്ണിൻ വിഹായസിലേക്കുപറന്നുയരാൻ വെമ്പൽ കൊള്ളുന്ന പക്ഷികൾ ചിറകുകളുടെ ഉപയോഗമെന്താണെന്നുകൂടി വിസ്മരിച്ചിടുന്നലോകത്ത് വിചിത്രം വിചിന്തനീയമീസമസ്യ.