Saturday 17 November 2012

വേദനകളറിയാത്തവര്‍

ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് വഴുതിവീഴാന്‍ തുടങ്ങുമ്പോഴാണ് ബസിന്റെ വശങ്ങളിലുള്ള തട്ടലും മുട്ടലും ഒപ്പം ഉച്ചത്തിലുള്ള കണ്ടക്ടറുടെ ശബ്ദവും കേട്ട് ഞാന്‍ ഉണര്‍ന്നത്.
"യാതാവത് ടി,കാപ്പി ശാപ്പിടുതുക്ക് 15 മിനിറ്റ് ഇറുക്ക്" കണ്ടക്ടര്‍ ഓര്‍മിപ്പിച്ചു. ബസ്‌ ദിണ്ടിഗല്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയിരുന്നു.

ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാത്ത കണ്ണുകള്‍ തുറന്ന് അടുത്തിരുന്ന സുഹൃത്ത് ഷിജോയോട് ഞാന്‍ സമയം തിരക്കി.
"സമയം എഴാരയായി" വാച്ചില്‍ നോക്കി ഷിജോ പറഞ്ഞു. 
ഷിജോയുടെ വീട് മുണ്ടാക്കയതാണ്. ഞങ്ങള്‍ മിക്കവാറും ബാംഗ്ലൂറിനു പോകുന്നത് കമ്പം തേനി കൂടിയാണ്. തമിഴ്നാടിനോട് അടുത്ത് കിടക്കുന്ന ഇടുക്കികാരനായ എനിക്ക് അതാണ്‌ എളുപ്പം. മാത്രമല്ല തമിള്‍നാട് ലോക്കല്‍ ബസ്സുകളിലുള്ള യാത്രയാകുമ്പോള്‍ ചിലവും കുറവാണ്, മതിവരുവോളം തമിള്‍ പടങ്ങള്‍ കാണുകയും ചെയ്യാം. അതുകൊണ്ട് തന്നെയാണ് മുണ്ടക്കയംകാരനായ ഷിജോയും എന്റെ കൂടെ കൂടുന്നത്.

"എന്നാ പിന്നെ വല്ലതും കഴിച്ചാലോ" വിശപ്പിന്റെ വിളിയുമായി ഞാന്‍ ഷിജോയോട് ചോദിച്ചു.
സ്ഥിരമായി ഇത്തരം യാത്രകളില്‍ ഞങ്ങള്‍ പൊതിചോറ് കരുതാറുണ്ട്. വാഴയിലയില്‍ പൊതിഞ്ഞ ചോറും,ചമ്മന്തിയും,ബീഫ്‌ ഉലത്തിയതും. ഹാ നാവില്‍ വെള്ളമൂറും. വാഴയില വെട്ടിയെടുത്തു വാട്ടി അതില്‍ ചോറും കറികളുമെല്ലാം ഒരു ഷോട്ട് പുട്ടിന്റെ അത്ര വലുപ്പത്തില്‍ അമ്മച്ചി പൊതിഞ്ഞു തരും. അത്രയും ഒന്നും വേണ്ട എന്ന് എത്ര പറഞ്ഞാലും അമ്മച്ചി സമ്മധിക്കില്ല. പിന്നെ അമ്മച്ചിയുടെ സ്നേഹമാണല്ലോ ഈ പൊതിഞ്ഞു നല്‍കുന്നത് എന്നോര്‍ക്കുമ്പോളും ഇനിയിതുപോലൊരു ഊണ് കഴിക്കണമെങ്കില്‍ അടുത്ത ലീവ് കിട്ടുന്നവരെ കാത്തിരിക്കണമല്ലോ എന്നതുകൊണ്ടും ഞാന്‍ എതിരൊന്നും പറയാറില്ല.

"എടാ ഞാന്‍ ഇന്ന് ചോറ് കൊണ്ട് വന്നില്ല, തിരക്ക് കാരണം മറന്നു പോയി" ഷിജോ പറഞ്ഞു 
"അതിനെന്താടാ നമ്മുക്കൊരുമിച്ചു കഴിക്കാം, എന്‍റെ കൈയിലാണെങ്കില്‍ ആവശ്യത്തിനധികം ചോറ് ഉണ്ട്" എന്ന് പറഞ്ഞു ബാഗില്‍ നിന്നും ഞാന്‍ പൊതി കൈയില്‍ എടുത്തു.
ആദ്യം എതിര്‍ത്തെങ്കിലും എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഷിജോയും ഒപ്പം കഴിക്കാം എന്ന് ഏറ്റു. 
സീറ്റില്‍ ഇരുന്നു കൊണ്ട് തന്നെ കൈപുറത്തേക്കിട്ടു കഴുകി ഭക്ഷണപൊതി തുറന്നു കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് വൃദ്ധനായ ആ മനുഷ്യന്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്സുകളില്‍ നിന്നു ആളുകള്‍ കഴിച്ചിട്ട് പുറത്തേക്കു കളയുന്ന ഇലകളെടുത്തു നക്കി അയാള്‍ വിശപ്പടക്കുന്നു.

ഉടനെ സ്റ്റാന്‍ഡിന്‍റെ മറ്റൊരുവശത്ത് നിന്നും വലിയൊരു ശബ്ദം കേട്ട് ശ്രദ്ധിച്ചപ്പോള്‍ ഏതോ കാര്യത്തിനു ഒരാള്‍ ഒരു പയ്യനെ ഓടിച്ചുകൊണ്ട് വരുന്നു. അയാളുടെ ശക്തമായ തള്ളലില്‍ ആ പയ്യന്‍ വന്നു വൃദ്ധനെ തട്ടി. വൃദ്ധന്‍ നിലത്തേക്ക് തെറിച്ചു വീണു. എങ്കിലും യാതൊരു പരാതിയും കൂടാതെ പുഞ്ചിരിച്ചുകൊണ്ട് ആ വൃദ്ധന്‍ എഴുന്നേറ്റ് വീണ്ടും ഇലകള്‍ പെറുക്കിയെടുത്ത് ഭക്ഷണം പരതാന്‍ തുടങ്ങി.

ഇത് കണ്ട ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നത് പാതി വഴിയില്‍ നിര്‍ത്തി ആ പൊതി പുഞ്ചിരിക്കുന്ന മുഖവുമായി നില്‍ക്കുന്ന വൃദ്ധനു നേരെ നീട്ടി. സന്തോഷത്തോടെ അത് വാങ്ങി ആര്‍ത്തിയോടെ ഭക്ഷിക്കുന്നത് കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ ഒരു ചോദ്യമുണര്‍ന്നു "ഈ മനുഷ്യന്‍ വേദനകളറിയുന്നില്ലേ?" 

ദിണ്ടിഗല്‍ ബസ്‌ സ്റ്റാന്‍ഡിലെ ചെറിയ ഇടവേള കഴിഞ്ഞു സേലത്തെ ലക്ഷ്യമാക്കി ബസ്‌ വീണ്ടും നീങ്ങി തുടങ്ങി. ഒപ്പം വേദനകളറിയാത്ത ആ മനുഷ്യന്‍ എന്‍റെ ഉള്ളില്‍ ഒരു നീറുന്ന നൊമ്പരം ബാക്കിയാക്കി കണ്‍കോണുകളില്‍ നിന്നും അകന്നകന്നു പോയികൊണ്ടേയിരുന്നു.

No comments: