Tuesday, 4 March 2025

പ്രിയസഖി


സ്വരമായി നീയെൻ 
കരളിൽ ഈണത്തിൽ 
വരവായ് ഏതോ 
കുളിർകാറ്റുപോലെ 

താളമായി ഞാനും 
ഹൃദയത്തിൻ തന്ത്രിയിൽ 
ചേരുന്നു ചാരെ 
ഒരു പൂവിതൾ പോലെ 

വർണ്ണനമല്ലാത്ത 
കാവ്യഭാവനയിൽ
കൈകോർത്തു നടക്കാം 
നമുക്കീ വിശാലവീഥിയിൽ 

ഒരിക്കലും തീരാത്ത 
ഈ വഴിത്താരയിൽ 
ചേർന്നിരുന്നല്പം 
വിശ്രമിച്ചീടാം 

എവിടെവച്ചെങ്കിലും 
കാലിടറീടുകിൽ 
താങ്ങായിമാറാം 
മടികൂടാതെന്നും 

ഓർമ്മകൾതൻ 
തീരത്തിരുന്നു 
മധുരമാം അനുഭവങ്ങൾ 
പങ്കുവച്ചീടാം 

നാളെ ഈവഴികളിൽ 
നാം നട്ട വൃക്ഷങ്ങൾ തൻ 
തണലിലിരുന്നു 
ഉഷ്ണമകറ്റിടാം 

കാറ്റായി തീയായി 
മഴയായി തിരകളായി 
തുടർന്നിടുകവേണം 
കഴിയുവോളം ഈ ഭൂവിൽ നാം 

ഒരുവേള  കളംവിട്ടൊഴിഞ്ഞീടുകിൽ 
പുൽക്കൊടിയായി 
പിറവിയെടുത്തിടേണം 
നമുക്കൊരുമിച്ചു ചാരെ 



No comments: