Sunday 22 October 2023

വർണ്ണങ്ങൾ

Austi's painting 4yrs

 ഒത്തിരിയൊന്നുമെഴുതുവാനില്ല 

എനിക്കീതാളുകളിൽ 

ചിത്രവർണങ്ങളിൽ മുഴുകുന്നു 

മൂകമെൻ മാനസം 


ഇമ്പമുള്ള ഓർമ്മകൾക്കു 

ചിറകുമുളച്ചീടുന്നില്ല 

ചിത്രശലഭങ്ങളെപോൽ 

പാറിപറന്നിടുവാൻ 


പലനിറങ്ങൾചാലിച്ച 

എൻ സ്വപ്‌നങ്ങൾ 

പീലിവിടർത്തിയാടുന്നുമില്ല 

സടകുടഞ്ഞെഴുന്നേൽക്കുന്നുമില്ല 


ഈ താളുകൾ 

ശൂന്യമായികിടന്നിടും 

ശൂന്യതയിൽ വിദൂരതയിൽ 

നോക്കി ഞാനും 


ഒരുവരിയെങ്കിലും 

എഴുതുവാനാകുമോ 

ഇനിയുമീതൂലിക 

ചലിക്കുമോ


ഒരുവേള പിന്തിരിഞ്ഞു 

നോക്കീടുകിൽ 

നഷ്ടംവന്ന അവസരങ്ങൾ 

തിരികെനേടുവാനാകുമോ 


ഒഴുകുന്നു ഞാനും 

മൂകമീനദിയിൽ 

ഒഴുക്കിനൊപ്പം 

തീരമേതെന്നറിയാതെ  


Tuesday 25 October 2022

വിചിന്തനങ്ങൾ

 

Austi's Painting

ഒരു നറുനിലാവിൽ 

എൻ കൊച്ചുചില്ലുജാലകത്തിനരുകിൽ 

മന്ത്രമോതുന്ന മന്ദമാരുതനെ 

അറിയുമോ നിനക്കെൻ ഹൃദയവികാരവായ്പുകൾ 

പകർത്തുവാനാകുമോ നിനക്കെൻ 

പ്രതീക്ഷകൾതൻ മുഖചിത്രം 

ചില്ലുജാലകത്തിൽ നീ തീർക്കുന്ന 

സംഗീതവശ്യഭാവങ്ങളിൽ 

അലിഞ്ഞുചേർന്നിടുബോൾ 

വശ്യമാമോരീ നിമിഷങ്ങൾ 

എനിക്കേകിടുന്നു വിചിന്തനങ്ങളിൽ

മുഴുകീടുവാനൊരവസരം 

Wednesday 19 May 2021

അവധിദിവസങ്ങൾ

 


ഒഴുകുന്നപുഴയും തിരയുന്നു 

ആഴക്കടലിൻ ശാന്തത 

ഒരു കാവ്യം പോൽ 

കാവ്യചാരുതയിൽ വെറുതെ 

തിരയുന്നു നാമും 

തിരക്കുകളിൽ നിന്നകന്നു 

പ്രശാന്തസുന്ദരമാം 

അവധിദിവസങ്ങൾ 




Thursday 14 January 2021

മൂന്നുപതിറ്റാണ്ട്

അനാഥമാക്കിയ നീതി 
മൂന്നുപതിറ്റാണ്ടുകൾ അലഞ്ഞു 
തമസ്കരിച്ചീടുവാനാവാതെ 
എന്തിനോവേണ്ടി ശൂന്യം 
നീതിദേവതയുടെ കണ്ണുകൾ മൂടുവാനാവില്ലയെന്നു 
ഉറക്കെവിളിച്ചുപറഞ്ഞുകൊണ്ട് 
തെരുവിന്റെ വീഥികളിലൂടലഞ്ഞു 
സത്യം പുരപ്പുറത്തുനിന്ന് പ്രഘോഷിക്കപ്പെടുമെന്ന
തിരുവചനവാക്യം 
ഉറക്കെ ഉരുവിട്ടുകൊണ്ടലഞ്ഞു 
സത്യത്തെ തലയ്ക്കടിച്ചു കഴുത്തുഞെരിച്ചു 
കിണറ്റിലിട്ടു രക്ഷനേടാമെന്നുമോഹിച്ച 
വ്യാമോഹികളുടെ ഇടയിലൂടലഞ്ഞു 
ശുഭ്രവസ്ത്രത്താൽ പൊതിഞ്ഞു 
കളങ്കിതമായ കൈകളാൽ തടഞ്ഞുവച്ച സത്യം 
ഗതിയില്ലാതെ അലഞ്ഞു 
ഒടുവിൽ സത്യവും നീതിയും ജയിച്ചു 
നീതിനിഷേധിക്കലിനോളം വലിയ 
അപരാധമില്ല പാരിൽ 


Wednesday 14 October 2020

ഒഴിഞ്ഞതാളുകൾ

Ashi's Painting


 ഡയറിയിലെ ഒഴിഞ്ഞതാളുകൾ 

നിറച്ചീടുവാനേറെ കൊതിയുണ്ട് 

എന്തെഴുതും എവിടെ തുടങ്ങുമെന്ന ചിന്ത 

ചിലന്തിവലപോലെ നിറഞ്ഞു 

വരിഞ്ഞുമുറുക്കി നിശബ്‍ദമാക്കിടുന്നു 

എഴുതുവാനേറെയുണ്ടെങ്കിലും ഓർമയിൽ 

വഴുതിവീണുപോയിടുന്നു 

ഈ താളുകൾ ശൂന്യമായിതന്നെ കിടക്കട്ടെ 

കാരണം ശുന്യതയാണതിന്റെ സൗന്ദര്യം 


Wednesday 29 April 2020

കവിതകൾ

ജനിക്കുമ്പോൾതന്നെ മൃതിയെപുൽകുന്ന
കവിതകളെഴുതുന്നതാണെന്റെ വിനോദം
ഒരിക്കലും വെളിച്ചംകാണാത്ത
കവിതയുടെയും കവിയുടെയും ഭാവം
ഏതൊരു കഥയിലെയും അപ്രസക്ത കഥാപാത്രത്തിന്റെ
ഭാവാഭിനയം പോലെ നിസ്സാരം
ഒരുകഥയിലെയും അപ്രസക്തഭാഗങ്ങൾ
തരംതിരിക്കുവാനോ ഇഴകീറിപരിശോധിക്കുവാനോ
മുതിരിലൊരാളും ഒരുനാളും
ഹൃദയംകൊണ്ടെഴുതുന്ന വരികളിൽ
മൃതിയുടെ വിരൽ പതിക്കുമ്പോൾ
എന്നിലെ കവിയും കവിതകളും
ഉടലും ഉയിരും വേർപെട്ടു
ഇരുളിൽ തപ്പിത്തടയുന്നു


വരികൾ

എഴുതുവാൻ തുടങ്ങുന്നൊരീവരികളിൽ
തുടരുവാനാഗ്രഹിക്കുന്ന പേനതൻ നിഴലുകാണാം
മുറിയാതെ മഷിതീരാതെ
ഇടയിൽ നിന്നുപോകാതെ
തുടരണം ഈ വരികൾ
ജീവിതവുമതുപോലെ..........


Sunday 19 April 2020

വാതിലുകൾ

ഒച്ചവച്ചീടല്ലേ എന്നെ ഉണർത്തല്ലേ
ഞാനുറങ്ങട്ടെ സുഖമായി
ഉറക്കമൊരു ഭാഗ്യമാണ്
ഉണർന്നിരിക്കുന്ന നേരങ്ങൾ നൽകുന്ന
അനുഭവങ്ങളെക്കാൾ
ഉറക്കം നൽകുന്ന സ്വപ്നങ്ങൾക്കാണ് ഭംഗി
കാഴ്ചകൾക്കുമപ്പുറം
യാഥാർഥ്യങ്ങൾക്കുമപ്പുറം
സ്വപ്നലോകത്തേക്കുള്ള വാതിലുകളാണ് ഉറക്കം
ഉറങ്ങാതെ എനിക്കാവാതിലുകൾ
തുറക്കുവാനാവില്ല
ഉറങ്ങണം ഉറങ്ങണം ഉറങ്ങണം


Friday 17 April 2020

Thursday 16 April 2020

ചിത്രശലഭം


ഒരു ചിത്രശലഭത്തിന്റെ ചിറകുകൾ
എത്ര സുന്ദരം
സുന്ദരമാം ചിറകുകൾവിരിച്ചു
വിണ്ണിന്റെ വിഹായസ്സിലേക്കു പറന്നുയരുമ്പോൾ
ഒരു പുഴിവായി മണ്ണിലൂടിഴഞ്ഞ കാലം
അവ വിസ്മരിച്ചിരിക്കുമോ ?


നേട്ടങ്ങൾ

 Ashi's drawing




അർത്ഥശൂന്യമായ നേട്ടങ്ങൾക്കുമപ്പുറെ
ബുദ്ധിശൂന്യനായിയിരിക്കുന്ന മനുഷ്യൻ
ബുദ്ധിജീവിയെപോൽ കരുക്കൾനീക്കുന്നു
കാലാൾപ്പടയാൽ മരിക്കുമെന്നറിയാതെ


സൂരജ്

ശാന്തതയിൽഒരുനിമിഷമിരിക്കുമ്പോൾ
വിസ്മയമെന്നെ പുണരുന്നു
നിത്യതയിലാഴ്ന്നുപോയൊരാ ശബ്ദം
കാതുകളിൽ വന്നു മുഴങ്ങുന്നപോലെ
എവിടെയായിരുന്നു നീയിത്രനാൾ
എന്നൊരു ചോദ്യവും
അർത്ഥംവച്ചുള്ള ചെറുപുഞ്ചിരിയുമായി
നടന്നടുക്കുന്ന സൂരജ്
രക്ഷനല്കുവാനായി യജ്ഞജിച്ച ഞങ്ങളെ
അതിശയിപ്പിക്കുംവിധം എഴുന്നേറ്റുനടന്നവൻ
ആരുമറിയാതെ ആരും തുണയ്ക്കില്ലാതെ
സ്നേഹിതരറിയാതെ പടികടന്നു പോയി
വിസ്‌മൃതിയിലാഴുംവിധം
കാലങ്ങൾ കൊഴിഞ്ഞുപോയിരിക്കുന്നു
സൂരജ് നിങ്ങൾ ഞങ്ങൾക്കാരായിരുന്നു
താളുകൾ മറിക്കുമ്പോൾ കൊഴിയുന്നോരധ്യായം 


മഴ

മഴപെയ്യുന്നുണ്ട് 
മണ്ണിൽ ലയിക്കുന്ന മഴത്തുള്ളികൾ 
മനസ്സിൽ ഈർപ്പമായി അവശേഷിക്കുന്നു 
കുതിർന്നു കലരുന്നു ജീവനാളങ്ങളിൽ 

ഓർമ്മ

ഓർമപ്പെടുത്തുന്നു
ഓർമ്മകളിലൂടെ നടന്നടുക്കുന്ന കാല്പാടുകൾ
ഓർത്തിരിക്കുന്ന കാഴ്ച്ചകൾ
ഓർമ്മയിലില്ലാത്ത കാൽപ്പാടുകളെ
ഭയപ്പെടുന്നു


Wednesday 8 April 2020

ലോക്ക്ഡൗൺ ചിന്തകൾ

നശ്വരമീമനുഷ്യനിർമിത ലോകം
ഒരു വേള നിശ്ചലമാവുകിലും
വീണു നിശ്ചലമാവില്ല പ്രകൃതി
ചുറ്റും ചിറകടിച്ചുപറന്നിടും പക്ഷികൾ
തളിർനാമ്പിടും വൃക്ഷലതാതികൾ
കാലചക്രത്തിനനുസരണം പൂക്കളും
കായ്കനികളും പിറന്നിടും
ശബ്ദമുകിരിതമാം മനുഷ്യനിർമിത-
കോലാഹലങ്ങൾക്കു അവധി നൽകുകിൽ
പ്രകൃതിയുടെ വശ്യമനോഹരചാരുത ദർശിച്ചിടാം
ചേതനകണ്ടാശ്ചര്യമൂറിടാം
ഒരുപക്ഷെ മനുഷ്യകുലമിവിടെ-
അന്യമായിതീർന്നിടുകിൽ
യാതൊരു പരാതിയും പരിഭവവും
അതിലധികമായി ഒരനുകമ്പയും കൂടാതെ
നഷ്ടമായവയെല്ലാം വീണ്ടെടുക്കുകതന്നെ ചെയ്യും പ്രകൃതി